ഒ.ടി.ടിയിലും വിജയ്-അജിത്ത് പോരാട്ടം; വാരിസും തുനിവും ഒരേ ദിവസം റിലീസ്, തിയതി പുറത്ത്

പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തിയ ‘വാരിസ്’, ‘തുനിവ്’ എന്നീ ചിത്രങ്ങള്‍ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. 297 കോടി കളക്ഷന്‍ വിജയ് ചിത്രം വാരിസ് നേടിയപ്പോള്‍, 220 കോടിയാണ് തുനിവ് ആഗോള തലത്തില്‍ നിന്നും നേടിയത്.

ഇതിനിടെ ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തിയേറ്ററില്‍ ജനുവരി 11ന് ആയിരുന്നു വാരിസും തുനിവും ക്ലാഷ് റിലീസ് ആയി എത്തിയത്. ഒ.ടി.ടിയിലും ക്ലാഷ് റിലീസിന് ഒരുങ്ങുകയാണ് വാരിസും തുനിവും.

ഫെബ്രുവരി 10ന് വാരിസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കുമ്പോള്‍, അതേ ദിവസം തന്നെ തുനിവും സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സിലാണ് തുനിവ് റിലീസ് ചെയ്യുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന ആണ് നായികയായത്.

ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാത്. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

എച്ച് വിനോത് സംവിധാനം ചെയ്ത തുനിവില്‍ മഞ്ജു വാര്യര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കണ്‍മണി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സമുദ്രക്കനി, ജോണ്‍ കൊക്കന്‍, അജയ് കുമാര്‍, വീര, ജി.എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു.