'ഇത് ഒരു ചെറിയ ചെക്കനാണല്ലോ' എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.. ദുല്‍ഖര്‍ എനിക്ക് മൂത്ത സഹോദരന്‍, എപ്പോഴും വിളിക്കും: ദേവ് മോഹന്‍

‘സൂഫിയും സുജാതയും’ സിനിമയിലൂടെ വന്ന് ശ്രദ്ധ നേടിയ താരമാണ് ദേവ് മോഹന്‍. സാമന്തയ്‌ക്കൊപ്പമുള്ള ‘ശാകുന്തളം’ ആണ് ദേവിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും നടന്‍ സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘പരോള്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് മമ്മൂക്കയെ കാണുന്നത്. സൂഫിയും സുജാതയും ചെയ്ത ശേഷം തന്നെ കണ്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത്, ‘സൂഫി എന്ന് കേട്ടപ്പോള്‍ നല്ല പൊക്കവും തടിയുമുള്ള ആളാണെന്ന് കരുതി ഇത് ഒരു ചെറിയ ചെക്കനാണല്ലോ’ എന്നായിരുന്നു എന്നാണ് ദേവ് പറയുന്നത്.

ദുല്‍ഖര്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നും ദേവ് പറയുന്നുണ്ട്. തനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ് ഡിക്യു. എപ്പോഴും വിളിക്കും സംസാരിക്കും. സിനിമയെ കുറിച്ചെല്ലാം സംസാരിക്കും. ഒരു ട്രെയ്‌ലര്‍ അയച്ചു കൊടുത്താല്‍ അതില്‍ അഭിപ്രായം പറയും അങ്ങനെ ഭയങ്കരമായി പിന്തുണയ്ക്കുന്ന ആളാണ്.

നമ്മുക്ക് എപ്പോള്‍ വേണേലും ആളെ സമീപിക്കാം. അത് തനിക്ക് ഒരു അനുഗ്രഹമായി തോന്നാറുണ്ട് എന്നാണ് ദേവ് പറയുന്നത്. അതേസമയം, ഫെബ്രുവരി 17ന് ആണ് ‘ശാകുന്തളം’ റിലീസ് ചെയ്യുന്നത്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുഷ്യന്തന്‍ ആയാണ് ദേവ് വേഷമിടുന്നത്.