മലയാളത്തില്‍ പുതുതരംഗം, 1000 കോടി പൊട്ടിക്കാന്‍ ഗംഭീര സിനിമകള്‍; മത്സരത്തിനിറങ്ങി സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും

മലയാള സിനിമ ഇന്ന് മത്സരിക്കുന്നത് ലോക സിനിമകളോടാണ്. പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മലയാള സിനിമകള്‍ നേട്ടങ്ങള്‍ കൊയ്യാറുണ്ട്. ഈ വര്‍ഷം ഒരുപാട് സിനിമകള്‍ തിയേറ്ററില്‍ ദുരന്തമായെങ്കിലും അടുത്ത വര്‍ഷം വമ്പന്‍ ബജറ്റിലൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സിനിമകളാണ് മലയാളത്തില്‍ എത്താനൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ ‘മലൈകോട്ടൈ വാലിബന്‍’ മുതല്‍, പൃഥ്വിരാജിന്റെ ‘ആടുജീവിതം’, ജയസൂര്യയുടെ ‘കത്തനാര്‍’ വരെ ഈ ലിസ്റ്റിലുണ്ട്.

ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈകോട്ടൈ വാലിബന്‍ അടുത്ത വര്‍ഷം ജനുവരി 25ന് ആണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഗുസ്തിക്കാരനായുള്ള മോഹന്‍ലാലിന്റെ മേക്കോവര്‍ പോസ്റ്ററുകളിലും ടീസറിലും ഏറെ ശ്രദ്ധ നേടിയിരുന്നു.

മോഹന്‍ലാലിന്റെ തന്നെ ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘ബറോസ്’. 2019ല്‍ ലോഞ്ച് ചെയ്ത ചിത്രം മാര്‍ച്ച് 28ന് ആണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററില്‍ എത്താന്‍ പോകുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

പൃഥ്വിരാജിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഐറ്റം അണിയറയില്‍ ലോഡിംഗ് സൂണ്‍ ആഎണ്, ആടുജീവിതം. മലയാളി പ്രേക്ഷകര്‍ ഇത്രത്തോളം കാത്തിരിക്കുന്ന വേറെ സിനിമയില്ല എന്ന് തന്നെ പറയാം. നാലര വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ് ഈ ബ്ലെസി ചിത്രത്തിന്റെത്. ഏപ്രില്‍ 10ന് ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നജീബ് എന്ന കഥാപാത്രമായി മാറാന്‍ 30 കിലോ ഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍ ലെവല്‍ നേരത്തെ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ 2 വര്‍ഷങ്ങളായി നടന്‍ ജയസൂര്യയുടെ കരിയറിലെ മിക്ക സിനിമകളും അത്ര വലിയ ശ്രദ്ധ നേടാത്തവയായിരുന്നു. എന്നാല്‍ ജയസൂര്യയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കാനൊരുങ്ങുന്ന ഒരു വമ്പന്‍ ഐറ്റമാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 2020ല്‍ താരത്തിന്റെതായി പ്രഖ്യാപിച്ച ചിത്രമാണ് ‘കത്തനാര്‍: ദ വൈല്‍ഡ് സോസര്‍’. റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം.’ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളായി ടൊവിനോ സ്‌ക്രീനിലെത്തുമ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കപ്പെടാനും സാധ്യതയുണ്ട്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി ഷെട്ടിയാണ് നായിക.

Bramayugam (2024) - Movie | Reviews, Cast & Release Date - BookMyShow

എന്നും നവാഗത സംവിധായകര്‍ക്ക് ഡേറ്റ് നല്‍കി, കരിയറില്‍ വ്യത്യസ്തമായ സിനിമകളുമായി എത്താറുള്ള താരമാണ് മമ്മൂട്ടി. പുതിയ തലമുറയിലെ ഒരു സംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി ഒന്നിക്കുകയാണ്. ‘ഭൂതകാലം’ എന്ന ഹിറ്റ് ഒരുക്കി ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്റെ ‘ബ്രഹ്‌മയുഗം’ സിനിമയാകും അടുത്ത വര്‍ഷം മമ്മൂട്ടിയുടെതായി ആദ്യം എത്തുന്ന ചിത്രം. ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഡാര്‍ക്ക് തീമില്‍ എത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് രാഹുലിനൊപ്പം ടി.ഡി രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഹൈപ്പിന്റെ അങ്ങേയറ്റത്ത് ആണ് ‘എമ്പുരാന്‍’ സിനിമ നില്‍ക്കുന്നത്. ‘ലൂസിഫര്‍’ വമ്പന്‍ ഹിറ്റ് ആയപ്പോള്‍ തന്നെ ചിത്രത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പുള്ള എങ്ങനെ അബ്രാം ഖുറേഷിയായി എന്ന ചുരുള്‍ എമ്പുരാനില്‍ അഴിയും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഒരുപാട് ലൊക്കേഷനുകള്‍ കണ്ട് പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ട് ആരംഭിച്ചത്. മലയാള സിനിമയിലെ തന്നെ വിസ്മയമാകും എമ്പുരാന്‍ എന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. സിനിമയുടെ ബജറ്റോ റിലീസോ മറ്റ് വിവരങ്ങളോ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം സിനിമ തിയേറ്ററിലെത്താനാണ് സാധ്യത.