മന്ത്രി മന്ദിരത്തിലേക്കും സ്വാഗതം, 'മഞ്ഞുമ്മല്‍ ബോയ്‌സി'ന് അഭിനന്ദനങ്ങള്‍ മാത്രമല്ല..; ചിത്രങ്ങളുമായി ഉദയനിധി സ്റ്റാലിന്‍

കേരളത്തില്‍ മാത്രമല്ല, തമിഴകത്തും ഹിറ്റ് അടിച്ച് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. കേരളത്തില്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം തമിഴ്‌നാട്ടില്‍ നിന്നും മാത്രം 3 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. 23 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം ആഗോളതലത്തില്‍ നേടിക്കഴിഞ്ഞു. തമിഴകത്ത് നിന്നും ചിത്രത്തെ പ്രശംസിച്ച് ആദ്യ തന്നെ രംഗത്തെത്തിയ താരമാണ് ഉദയനിധി സ്റ്റാലിന്‍.

തമിഴ്‌നാട് യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഇപ്പോഴിതാ, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ ടീമിനെ നേരില്‍ കണ്ടിരിക്കുകയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ ചിത്രത്തെ പ്രശംസിച്ച് എക്‌സില്‍ കുറിച്ചിരുന്നത്.

ഇതിന് പിന്നാലെ സംവിധായകന്‍ ചിദംബരവും പ്രധാന അഭിനേതാക്കളുമെല്ലാം ഒരുമിച്ച് തമിഴ്‌നാട്ടിലെത്തി ഉദയനിധി കണ്ടിരിക്കുകയാണ്. മഞ്ഞുമ്മല്‍ ടീമിനെ കാണാനായതിന്റെ സന്തോഷം ഉദയനിധി സ്റ്റാലിനും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രങ്ങള്‍ സഹിതമാണ് സ്റ്റാലിന്‍ സന്തോഷം പങ്കുവച്ചത്.

”അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് വിവിധ കോണുകളില്‍ നിന്നും മികച്ച സീകാര്യത ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് സിനിമാ സംഘത്തെ നേരിട്ട് കണ്ടു, അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, തിരക്കഥ, ദൃശ്യങ്ങള്‍ എല്ലാ മേഖലകളിലും സിനിമയെ നിലവാരമുള്ള ഒരു സൃഷ്ടിയാക്കി മാറ്റിയതില്‍ എന്റെ ആശംസകള്‍” എന്നാണ് ഉദയനിധി എക്‌സില്‍ കുറിച്ചത്.

അതേസമയം, 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.