'Tസുനാമി'യുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം “സുനാമി”യുടെ ഷൂട്ടിംഗ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് നടന്‍ ലാല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവനശേഷിയുടെ ബലത്തെ കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും എന്ന് ലാല്‍ കുറിപ്പില്‍ പറഞ്ഞു.

ലാലിന്‍റെ കുറിപ്പ്….

നമസ്‌കാരം, നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകം മുഴുവന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ “സുനാമി” എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവനശേഷിയുടെ ബലത്തെ കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും. ഭയപ്പെടരുത്.. ചെറുത്തുനിന്ന് തോത്പ്പിക്കുക.. ഒരിക്കല്‍കൂടി !

https://www.instagram.com/p/B9zAbG1pU5w/?utm_source=ig_web_copy_link

ലാല്‍ തിരക്കഥയൊരുക്കി മകന്‍ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “Tസുനാമി”. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. ലാലിന്റെ മരുമകന്‍ കൂടിയാണ് അലന്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.