സിനിമാ പ്രൊമോഷനായി പേരുമാറ്റി തൃഷയും ജയം രവിയും; പണി കൊടുത്ത് ട്വിറ്റര്‍

‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ട്വിറ്ററില്‍ പേര് മാറ്റിയ തൃഷയ്ക്കും ജയം രംവിക്കും കിട്ടിയത് എട്ടിന്റെ പണി. ഇരുതാരങ്ങള്‍ക്കും ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് തൃഷയും ജയം രവി നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി കുന്ദവൈ, അരുണ്‍മൊഴി വര്‍മന്‍ എന്നീ പേരുകളാണ് ഇരുവരും ട്വിറ്ററില്‍ ഉപയോഗിച്ചത്. ഇതോടെയാണ് വെരിഫൈഡ് അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലൂ ടിക് ട്വിറ്റര്‍ നീക്കം ചെയ്തത്. തൃഷ കുന്ദവൈ എന്ന പേരുമാറ്റി സ്വന്തം പേരിലേക്ക് തിരിച്ചുവന്നെങ്കിലും പോയ ബ്ലൂ ടിക് ഇതുവരെ തിരികെ വന്നിട്ടില്ല.

ജയം രവിയുടെ അക്കൗണ്ടിലെ പേര് ഇപ്പോഴും അരുണ്‍മൊഴി വര്‍മന്‍ എന്നു തന്നെയാണ്. അതേസമയം, ഏപ്രില്‍ 28ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസിന് ഒരുങ്ങുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രം അണിയിച്ചൊരുക്കിയത് ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, പ്രകാശ് രാജ്, ജയറാം, ലാല്‍, റഹ്‌മാന്‍, റിയാസ് ഖാന്‍, ഖിഷോര്‍, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ശരത് കുമാര്‍, ബാബു ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.