ടെർമിനേറ്ററിന്റെ ട്രെയിലർ ലോഞ്ചിന് ടൊവീനോ തോമസ്;അർണോൾഡ് ഷ്വസ്നഗർ ഇനി മലയാളം സംസാരിക്കും

ലോകം മുഴുവൻ ഉള്ള അർണോൾഡ് ഷ്വസ്നഗർ ആരാധകർ ടെർമിനേറ്റർ സീരീസിലെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. നവംബർ 1 നാണു ടെർമിനേറ്റർ; ഡാർക്ക് ഫേറ്റ് റിലീസ് ആകുന്നത്. കേരളത്തിലെ ടെർമിനേറ്റർ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് ആണ് ചിത്രത്തിൻറെ മലയാളം പതിപ്പിന്റെ ട്രെയിലർ പുറത്തു വിടുന്നത്.

റിലീസിന്റെ സമയത്തു തന്നെ മലയാളത്തിലേക്ക് ഡബ് ചെയ്യുന്ന ആദ്യ ഇംഗ്ലീഷ് സിനിമ ആകും ടെർമിനേറ്റർ എന്ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ പറഞ്ഞു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടെർമിനേറ്റർ ഇന്ത്യയിലെ തീയറ്ററുകളിൽ എത്തും. ടെർമിനേറ്റർ സീരിസിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ജഡ്ജ്‌മെന്റ് ഡേയുടെ തുടർച്ചയിൽ കൂടി ഒരുക്കിയ ചിത്രം ആണിതെന്നു സംവിധായകൻ ടിം മില്ലർ പറഞ്ഞിരുന്നു.

ഒക്ടോബർ 14 നാണു ചിത്രത്തിൻറെ മലയാളം പതിപ്പിന്റെ ട്രെയിലർ ടൊവീനോ പുറത്തു വിടുക. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും എന്നാണ് അറിവ്. ഇപ്പോൾ തന്റെ പുതിയ ചിത്രം എടക്കാട് ബറ്റാലിയന്റെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആണ് ടൊവീനോ.