ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ടൊവീനോ തോമസ് എത്തി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടന്‍ ടൊവീനോ തോമസ് എത്തി. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധത അറിയിച്ചത്. ആര്‍.ഡി.ഒ. സി. ലതിക, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബു, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ. മേരി എന്നിവരുമായി  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

മേഖലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളെ കുറിച്ചും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എടതിരിഞ്ഞി എച്ച്.ഡി.പി. അടക്കമുള്ള വിവിധ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി.

കഴിഞ്ഞ പ്രളയകാലത്ത് സഹായവുമായി മുന്‍നിരയിലുണ്ടായിരുന്ന നടന്‍ ടൊവീനോ തോമസ് ഇത്തവണ പോസ്റ്റൊന്നും ഇടാത്തതെന്തു കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. അതിന് പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് നടന്‍ രംഗത്ത് വന്നിരുന്നു. സിനിമാ പ്രമോഷനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ആളുകള്‍ പറയുമെന്ന് ഭയന്നാണ് താന്‍ പോസ്റ്റിടാതിരുന്നതെന്ന് ടൊവീനോ തോമസ് വ്യക്തമാക്കിയിരുന്നു.