ജനമൈത്രി അല്ല ഇത് റൗഡി പൊലീസ്, കല്‍ക്കി കാണാനുള്ള പത്ത് കാരണങ്ങള്‍

മാസ് ഡയലോഗുകളും തീ പാറുന്ന സീനുകളുമായി ടൊവീനോ തോമസിന്റെ കല്‍ക്കി നാളെ തിയേറ്ററുകളിലേക്ക്. നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം കൊടുക്കുന്നതാണ്. നഞ്ചംകോട്ട എന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയവും പോരാട്ടവും പൊലീസുമായി മാസ് പരിവേഷത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കല്‍ക്കി കാണാനുള്ള പത്ത് കാരണങ്ങള്‍ ഇവയൊക്കെയാണ്

1. കട്ട കലിപ്പ് പൊലീസുകാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. യാതൊരു ദാക്ഷിണ്യവും കാട്ടാതെ എതിരാളികളെ ഇടിച്ചു വീഴ്ത്തുന്ന ഉശിരന്‍ പൊലീസിന്റെ വേഷമാണ് താരം അവതരിപ്പിക്കുന്നത്.

2. ടൊവീനോ ആദ്യമായി നായക വേഷത്തില്‍ പൊലീസായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

3. പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത കല്‍ക്കിയുടെ ലുക്ക് മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന് സമാനമായതാണ്. സൂര്യയുടെ സിങ്കം സീരീസിലെ പോലീസ് ലുക്കിന് സമാനമായുള്ള കട്ടിമീശ വെച്ചുള്ള ലുക്കിലും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

4. തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവീനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം.

5. സംയുക്ത മേനോന്‍ ആദ്യമായി നെഗറ്റീവ് റോളിലെത്തുന്ന ചിത്രം.

6. വീരം, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശിവജിത്ത് പദ്മനാഭന്‍ ആണ് വില്ലന്‍

7. കല്‍ക്കി എന്ന പേര്- “വിഷ്ണുവിന്റെ അവതാരമാണ് വിനാശത്തിന്റെ മുന്നോടിയായി പുരാണത്തില്‍ അവതരിപ്പിക്കപ്പെടുന്ന കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവും ഈ പുരാണകഥാപാത്രവും തമ്മില്‍ ചില സാമ്യങ്ങളുണ്ട് എന്നാണ് സിനിമയ്ക്കു കല്‍ക്കി എന്ന പേര് നല്‍കിയതിനെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

8. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം.

9. ത്രസിപ്പിക്കുന്ന ബിജിഎം

10. അന്‍പറിവ്, ദിലീപ് സുബ്ബരായന്‍, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവരാണ് കല്‍ക്കിയിലെ സംഘട്ടനങ്ങള്‍ക്കു പിന്നിലുള്ള നാല് സ്റ്റണ്ട് മാസ്റ്റേഴ്സ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയ്‌ലറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിനായി ടൊവീനോ നടത്തിയ മുന്നൊരുക്കങ്ങളും സൈബറിടങ്ങളില്‍ ചര്‍ച്ചയായിരുന്നു.

സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, ജയിംസ് ഏലിയ, അഞ്ജലി നായര്‍, അപര്‍ണ നായര്‍, സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയി ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.