മോഹൻലാൽ നായകനായെത്തിയ തരുൺ മൂർത്തി ചിത്രം ‘തുടരും’ മികച്ച പ്രതികരണത്തോടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഓരോ ദിവസങ്ങൾ കഴിയുന്തോറും പുതിയ റെക്കോർഡുകൾ സ്വന്തമാക്കി കൊണ്ട് മുന്നേറുകയാണ് ചിത്രം.
100 കോടി ക്ലബ്ബിൽ ഇടം പിടിച്ച തുടയും ഓവർസീസ് മാർക്കറ്റിലും വലിയ കുതിപ്പാണ് നടത്തുന്നത്. മലയാളത്തിനൊപ്പം തുടരും തെലുങ്കിലും റിലീസ് ചെയ്തിരുന്നു. മേയ് ഒമ്പതിന് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തും എന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്.
മോഹൻലാൽ തന്നെയാണ് തമിഴ് വേർഷനിലും ഷൺമുഖനായി ഡബ്ബ് ചെയ്തിരിക്കുന്നത്. തമിഴ് ട്രെയ്ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഗംഭീര വോയിസ് മോഡുലേഷൻ ആണ് മോഹൻലാലിനെന്നും തമിഴിലും അദ്ദേഹം കലക്കുമെന്നാണ് പ്രേക്ഷകരുടെ കമന്റ്.
ചിത്രം മെയ് 9 നാണ് തമിഴിൽ പുറത്തിറങ്ങുന്നത്. മലയാളത്തിലെ അതേ വിജയം സിനിമയ്ക്ക് തമിഴിലും ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും കളക്ഷനിൽ മുന്നിലാണ് തുടരും.
മോഹൻലാലിന്റെ 100 കോടി ക്ലബ്ബിൽ കയറുന്ന നാലാമത്തെ ചിത്രമാണ് തുടരും. ഏപ്രിൽ 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക.
രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.