'ഇത് മറ്റൊരു ദൃശ്യവിസ്മയം'; കാന്താര 2 ട്രെയ്‌ലർ പുറത്ത്, പ്രധാന വേഷത്തിൽ ജയറാമും

കെജിഎഫിന് ശേഷം കന്നഡ സിനിമയുടെ നിലവാരം ഉയർത്തിയതിൽ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കാന്താര. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം മികച്ച സിനിമാനുഭവമാണ് ലോകമെമ്പാടുമുളള പ്രേക്ഷകർക്ക് നൽകിയത്. ബോക്സോഫിസ് കളക്ഷന്റെ കാര്യത്തിലും വലിയ മുന്നേറ്റമാണ് റിഷഭ് ഷെട്ടിയുടെ കാന്താര നടത്തിയത്. പിന്നാലെ കാന്താര 2 പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരുന്ന കാന്താര 2ന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ വിസ്മയം തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും സിനിമ അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Read more