അനശ്വര രാജന്, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന് ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ റിവ്യൂ നല്കാൻ ഓൺലൈൻ സിനിമ നിരൂപകൻ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ്.
ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ പണം നൽകാൻ തയാറായില്ല.
തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് നിർമാതാവ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.







