കണ്ണ് കെട്ടി ബോട്ടില്‍ ക്യാപ് ചലഞ്ചുമായി 'ദ കുങ്ഫു മാസ്റ്റര്‍' നായിക നിതാ പിള്ള; വീഡിയോ വൈറല്‍

“1983”, “ആക്ഷന്‍ ഹീറോ ബിജു”, “പൂമരം” എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ദ കുങ്ഫു മാസ്റ്റര്‍”. ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായാണ് സിനിമ ഒരുക്കുന്നത്. ഇപ്പോഴിതാ അടുത്ത കാലത്ത് വൈറലായ ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ മറ്റൊരു മാരക വേര്‍ഷനുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക നിതാ പിള്ള.

മുന്‍ ബോട്ടില്‍ ക്യാപ്പ് ചലഞ്ച് പ്രകടനങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഒരു പടി കൂടി കടന്ന്, കണ്ണ് മൂടിക്കെട്ടിയാണ് നീത ബോട്ടിലിന്റെ ക്യാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പ്രേക്ഷകര്‍ക്കും ചലഞ്ചിന്റെ ഭാഗമാകാം. കണ്ണ് കെട്ടി ബോട്ടില്‍ ക്യാപ് ചലഞ്ച് ചെയ്ത് ദ കുങ്ഫു മാസ്റ്റര്‍ എന്ന ഹാഷ് ടാഗോടു കൂടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാം.

https://www.instagram.com/p/B7ijDHLJBvI/?utm_source=ig_web_copy_link

പുതുമുഖ താരം ജിജി സ്‌ക്കറിയ ആണ് ചിത്രത്തില്‍ നായകന്‍. സനൂപ്, അഞ്ജു ബാലചന്ദ്രന്‍, സൂരജ് എസ്. കുറുപ്പ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. സുജിത്ത് ഉണ്ണി, രാമ മൂര്‍ത്തി, രഞ്ജിത്ത്, ജയേഷ്, രാജന്‍ വര്‍ഗ്ഗീസ്, ഹരീഷ്, ജെയിംസ്, തെസ്‌നി, ഷോറിന്‍, മാസ്റ്റര്‍ നവീന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ്. ജനുവരി 24ന് ചിത്രം റിലീസിനെത്തും.