പ്രതിഫലം വേണ്ടെന്ന് പറഞ്ഞു, രശ്മിക ഉറങ്ങിയത് മൂന്ന് മണിക്കൂര്‍ മാത്രം..; വെളിപ്പെടുത്തി 'ദ ഗേള്‍ഫ്രണ്ട്' നിര്‍മ്മാതാവ്

രശ്മിക മന്ദാനയുടെ റൊമാന്റിക് ചിത്രം ‘ദ ഗേള്‍ഫ്രണ്ട്’ നവംബര്‍ 7ന് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇതിനിടെ ഈ സിനിമയോടുള്ള രശ്മികയുടെ പ്രതിബന്ധതയെ കുറിച്ച് നിര്‍മ്മാതാവായ ധീരജ് മൊഗില്ലേനി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിനിമയില്‍ അഭിനയിക്കാനായി രശ്മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല എന്നാണ് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ പ്രതിഫലം ചര്‍ച്ച ചെയ്യാന്‍ രശ്മികയുടെ മാനേജരുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മറുപടി ലഭിക്കാതെ വന്നപ്പോള്‍, ഞങ്ങള്‍ നേരിട്ട് രശ്മികയുടെ അടുത്തേക്ക് പോയി. അവര്‍ എന്നോട് പറഞ്ഞു, ‘ആദ്യം ഈ സിനിമ ചെയ്യുക. സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രം എന്റെ പ്രതിഫലം തന്നാല്‍ മതി.

ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ഞാന്‍ എന്റെ പ്രതിഫലം വാങ്ങൂ. എനിക്ക് മുന്‍കൂട്ടി ഒന്നും വേണ്ട’ എന്നാണ് അവര്‍ പറഞ്ഞത്. രശ്മികയുടെ ഈ വാക്കുകള്‍ ഞങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി, കഥയെയും ടീമിനെയും അവര്‍ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്ന് അത് കാണിച്ചു തന്നു.

പുഷ്പ 2 സിനിമയുടെ ഇടവേളയില്‍ ആയിരുന്നു ഗേള്‍ഫ്രണ്ട് സിനിമയുടെ ഷൂട്ട്. തങ്ങളുടെ സിനിമയുടെ ചിത്രീകരണം തീര്‍ക്കാനായി രശ്മിക രണ്ട്-മൂന്ന് മാസത്തോളവും 3 മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. പുലര്‍ച്ചെ 2 മണിക്ക് പുഷ്പ 2വിന്റെ ഷൂട്ട് പൂര്‍ത്തിയാക്കി രാവിലെ 7 മണിക്ക് മേക്കപ്പ് ധരിച്ച് ദി ഗേള്‍ഫ്രണ്ട് സെറ്റില്‍ രശ്മിക എത്തുമായിരുന്നു എന്നും ധീരജ് വ്യക്തമാക്കി.

Read more

അതേസമയം, ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഹപാഠിയുമായി ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ അകപ്പെട്ട ഭൂമ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുക.