'ഇട്ടിക്കോര' ആകാന്‍ മമ്മൂട്ടി! നോവല്‍ സിനിമയാകുന്നു? മറ്റൊരു ഓപ്ഷനില്ലെന്ന് ടി.ഡി രാമകൃഷ്ണന്‍

മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലായ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ സിനിമ ആക്കുകയാണെങ്കില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. മമ്മൂട്ടിയല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ല എന്നാണ് ടി.ഡി രാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്.

”ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള സബ്ജക്ട് ആണ്. ആക്കിയാല്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ അതില്‍ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്.”

”അതാണ് പിന്നീട് ഭ്രമയുഗത്തില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്” എന്നാണ് ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് ടി.ഡി രാമകൃഷ്ണന്‍ ആണ്. അതേസമയം, ഫ്രാന്‍സിസ് ഇട്ടിക്കോര 2009ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്.

കേരളത്തിലെ കുന്നംകുളത്ത് ജനിച്ച് ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ വച്ച് മരിച്ച പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന പതിനെട്ടാം കൂറ്റുകാര്‍’ എന്ന വിഭാഗത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്.

Read more