ചരിത്രം കുറിക്കാന്‍ 'സെയ് റാ'; പ്രീ റിലീസ് ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന “സെയ് റാ നരസിംഹ റെഡ്ഡി”യുടെ പ്രീ റിലീസ് ഇന്ന്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഹൈദരാബാദ് എല്‍ ബി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പ്രീ റിലീസ് ഇവന്റ് നടക്കുക. പത്ത് ലക്ഷം പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും പങ്കെടുക്കും.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക്കാണ് ചിത്രം. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

250 കോടി ബഡ്റ്റിലാണ് സെയ് റാ ഒരുങ്ങുന്നത്. ആര്‍ രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് തീയേറ്ററുകളിലെത്തും.