സോളമന്റെ ശോശന്നയല്ല, ഇത്‌ പുള്ള് ഗിരിയുടെ സഖി; ജയസൂര്യയുടെ നായികയായി സ്വാതി റെഡ്ഡി

സോളമന്റെ ഹൃദയം കീഴടക്കിയ സുന്ദരിയായ ശോശന്ന വളരെ പെട്ടെന്നാണ് മലയാളികളുടെ ഇഷ്ട നായികയായത്. “ആമേന്‍” എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സ്വാതി റെഡ്ഡിയെ ജയസൂര്യയുടെ “ആട്” എന്ന ചിത്രത്തിലാണ് ഒടുവില്‍ മലയാളികള്‍ കണ്ടത്. ഒരിടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സ്വാതി.

ജയസൂര്യയുടെ തന്നെ “തൃശൂര്‍ പൂരം” എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ മടങ്ങി വരവ്. ജയസൂര്യയുടെ കഥാപാത്രം പുള്ള് ഗിരിയുടെ ഭാര്യയായാണ് ഇത്തവണ സ്വാതി എത്തുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു പക്കാ തൃശൂര്‍കാരിയായാണ് സ്വാതി വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയിലറും “”സഖിയേ”” എന്ന് തുടങ്ങുന്ന ആദ്യ ഗാനവും സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. പതിനേഴ് ലക്ഷത്തിലധികം വ്യൂസ് ആണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

2005ല്‍ പുറത്തെത്തിയ “ഡെയ്ഞ്ചര്‍” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ സ്വാതി “സുബ്രമണ്യപുരം” എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയായത്. ആമേന് ശേഷം “നോര്‍ത്ത് 24 കാതം”, “മോസായിലെ കുതിര മീനുകള്‍”, “ഡബിള്‍ ബാരല്‍”, “ആട് ഒരു ഭീകര ജീവിയാണ്” എന്നീ മലയാള ചിത്രങ്ങളിലും സ്വാതി അഭിനയിച്ചിട്ടുണ്ട്.

Image result for swathi reddy in thrissur pooram

2017ല്‍ പുറത്തെത്തിയ “ലണ്ടന്‍ ബബുലു” എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2018 ആഗസ്റ്റില്‍ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു താരം.

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.