സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്; ജയസൂര്യയ്‌ക്കൊപ്പം 'തൃശൂര്‍ പൂര'ത്തില്‍

ഒരു ഇടവേളയ്ക്ക് ശേഷം സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയസൂര്യ നായകനാകുന്ന “തൃശൂര്‍ പൂരം” എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ മടങ്ങി വരവ്. ജയസൂര്യയുടേ തന്നെ ആട് എന്ന സിനിമയിലാണ് സ്വാതി അവസാനം മലയാളത്തില്‍ അഭിനയിച്ചത്.

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുക. റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പക്ക തൃശൂര്‍കാരിയായാണ് സ്വാതി ചിത്രത്തില്‍ എത്തുന്നതും ഏറെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്നും രതീഷ് വേഗ പറയുന്നു.

സ്വാതി, ജയസൂര്യ എന്നിവരെ കൂടാതെ ചിത്രത്തില്‍ സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും അണിനിരക്കുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.