'മതമല്ല മനുഷ്യത്വമാണ് പ്രധാനം'; ജ്യോതികയെ പിന്തുണച്ച് സൂര്യ

ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ് എന്ന വിവാദ പ്രസംഗത്തില്‍ ജ്യോതികയെ പിന്തുണച്ച് സൂര്യ. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതു പോലെ ആശുപത്രികളും സ്‌കൂളുകളും പരിപാലിക്കണമെന്ന് ജ്യോതിക പറഞ്ഞത് പലരെയും അസ്വസ്ഥരാക്കി അതിനെ കുറ്റകൃതൃമായാണ് കണക്കാക്കുന്നതെന്ന് സൂര്യ ട്വീറ്റ് ചെയ്തു.

മതമല്ല, മനുഷ്യത്വമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളായി കാണണമെന്നാണ് ജ്യോതിക ഉദ്ദേശിച്ചത്. എന്നാല്‍, ചിലര്‍ അതിനെ ദുഷ്ടലാക്കോടെ സമീപിച്ചു. വിവേകാനന്ദനെ പോലെയുള്ള ഒട്ടേറെ തത്ത്വചിന്തകര്‍ പറഞ്ഞിട്ടുള്ള ചിന്തയാണത്. എല്ലാ മതങ്ങളും സ്‌കൂളുകളെയും ആശുപത്രികളെയും ദൈവത്തിന്റെ ഇടമായാണ് കരുതുന്നത്. മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനം. അതാണ് നമുക്ക് പൂര്‍വികര്‍ പറഞ്ഞു തന്നിട്ടുള്ളത്. നമ്മുടെ മക്കള്‍ക്ക് നാം കൈമാറേണ്ടത് അതു തന്നെയാണെന്നും സൂര്യ പറഞ്ഞു.

തഞ്ചാവൂരില്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് കണ്ടതാണ് ജ്യോതികയുടെ മനസ്സിനെ ഉലച്ചതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ശരവണന്‍ രംഗത്തെത്തിയിരുന്നു.