സൂപ്പര്‍ താരങ്ങള്‍ ഉൾപ്പെടെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും, എഗ്രിമെന്റ് ഒപ്പിടാത്ത ആരെയും അഭിനയിപ്പിക്കില്ല, മറിച്ച് ചെയ്താല്‍ കാണിച്ച് തരാം: സുരേഷ് കുമാര്‍

മലയാള സിനിമാരംഗം ചില പ്രവണതകള്‍ മൂലം നശിച്ചു കൊണ്ടിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. അടിയന്തരമായി സിനിമാതാരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മടി കൂടാതെ പങ്കുചേരണമെന്നും അദ്ദേഹം അറിയിച്ചു.

അതിന് തയ്യാറാകാത്തവര്‍ പരിണിതഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് സുരേഷ് കുമാര്‍ ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ നിലപാട് വ്യക്തമാക്കിയത്.

സുരേഷ് കുമാറിന്റെ വാക്കുകള്‍

തമിഴ് തെലുങ്ക് സിനിമകള്‍ കണ്ട് പഠിക്കണം അടുത്തിടെ ഇറങ്ങിയ നാനിയുടെ സിനിമ ദസറയുടെ കാര്യം തന്നെ നോക്കൂ പ്രമോഷനായി അദ്ദേഹം കേരളത്തില്‍ വരെ വന്നു. ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കുന്നു. എന്നാല്‍ ഇവിടുത്തെ സ്ഥിതി അതല്ല. പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ ഇവരൊന്നും തയ്യാറല്ല. എന്നാല്‍ ഈ യുള്ളവര്‍ തന്നെ മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഇതിനെല്ലാം ഒരുക്കമാണ് താനും.

ഇതൊക്കെ മൂലം നിര്‍മ്മാതാവിന് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഒരു ദിവസം ഷൂട്ട് ചെയ്തതിന്റെ ചിലവു പോലും ചില സിനിമകള്‍ തിരിച്ചു പിടിക്കുന്നില്ല. ഇതിനൊപ്പം വന്‍ പ്രതിഫലവും.

അതുകൊണ്ട് തന്നെ സൂപ്പര്‍ത്താരങ്ങളുള്‍പ്പെടെ അവരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്നാണ് തീരുമാനം. ഇത് അമ്മയുമായി ചര്‍ച്ച ചെയ്യും. ഇതിനായി ഒരു എഗ്രിമെന്റ് തയ്യാറാക്കും. അതില്‍ ഒപ്പിടാത്ത ആരും ഇനി ഇവിടെ സിനിമകളില്‍ അഭിനയിക്കില്ല. മറിച്ച് ചെയ്താല്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം.