അന്തിമ റൗണ്ടില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത് ജയസൂര്യയും ഫഹദും ബിജുവും, ജൂറിയില്‍ ഏറ്റവുമധികം ചര്‍ച്ച നടന്നത് മികച്ച നടിയെ നിശ്ചയിക്കാന്‍

 

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത് ജയസൂര്യയാണ്. അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനായി നടന്നത് കടുത്ത മത്സരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മികച്ച നടനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ എത്തിയതു ജയസൂര്യയും ഫഹദ് ഫാസിലും ബിജു മേനോനുമാണ്. കരുത്തുള്ള കഥാപാത്രങ്ങളുമായാണ് ഫഹദും ബിജുവും വന്നതെങ്കില്‍ വെള്ളത്തിലെ ആടിയാടിയുള്ള മദ്യപാനി മുരളി, ജയസൂര്യയ്ക്കു വിജയം നല്‍കുകയായിരുന്നു.

‘മാലിക്’,’ട്രാന്‍സ്’ എന്നീ ചിത്രങ്ങളിലെ പ്രകടനം ഫഹദിനെയും ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ അഭിനയം ബിജു മേനോനെയും രണ്ടാം റൗണ്ടില്‍ എത്തിച്ചു. എന്നാല്‍ ജൂറിയില്‍ ചര്‍ച്ച മുന്നേറിയപ്പോള്‍ ജയസൂര്യയും ഫഹദും തമ്മില്‍ നേരിട്ടുള്ള മത്സരമായി. ഒടുവില്‍ ‘വെള്ളം’,’സൂഫിയും സുജാതയും’ ചിത്രങ്ങളിലെ വ്യത്യസ്തവേഷങ്ങളിലൂടെ ജയസൂര്യ മുന്നിലെത്തി.

ആറ് പേരുമായി മത്സരിച്ചാണ് അന്ന ബെന്‍ അവാര്‍ഡ് നേടിയത്: നിമിഷ സജയന്‍ (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍), റിമ കല്ലിങ്കല്‍ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം), മഞ്ജു വാരിയര്‍ (കയറ്റം), സിജി പ്രദീപ്(ഭാരത പുഴ), ദര്‍ശന രാജേന്ദ്രന്‍ (സീ യൂ സൂണ്‍), ഗ്രേസ് ആന്റണി (ഹലാല്‍ ലവ് സ്റ്റോറി). ഈ അവാര്‍ഡ് നിശ്ചയിക്കാനാണ് ജൂറിയില്‍ ഏറ്റവുമധികം ചര്‍ച്ച നടന്നത്.