പല രൂപത്തിൽ, പല ഭാവത്തിൽ.. ഇതിലാരായിരിക്കും കുറുക്കൻ? വിനീതിനൊപ്പം വീണ്ടും ശ്രീനിവാസന്‍, ഫസ്റ്റ്‌ലുക്ക്

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കന്‍’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. അസുഖങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്ന ശ്രീനിവാസന്‍ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. കൗതുകമാര്‍ന്ന ഒരു പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്.

”പല രൂപത്തിൽ, പല ഭാവത്തിൽ.. ഇതിലാരായിരിക്കും കുറുക്കൻ?” എന്ന ക്യാപ്ഷനോടെയാണ് വിനീത് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. രോഗവസ്ഥയെ അതിജീവിച്ച് വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

അതേസമയം, ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനോജ് റാം സിംഗ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രഞ്ജന്‍ ഏബ്രഹാമാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ ആയിരുന്നു വിനീത് ശ്രീനിവസാന്‍ ഒടുവില്‍ വേഷമിട്ട ചിത്രം. മുകുന്ദന്‍ ഉണ്ണി എന്ന വിനീതിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.