ലോക്ക്ഡൗൺ കാലത്ത് കേരളത്തിന് വെന്റിലേറ്ററുകൾ സംഭാവനയായി നൽകി സോഹൻ റോയ്

കൊവിഡ് -19 ഭീഷണിയെത്തുടർന്ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് വെന്റിലേറ്ററുകൾ സംഭാവന നൽകി സംവിധായകനും യുഎഇ മലയാളിയായ ഡോ. സോഹൻ റോയ് ചെയർമാനായ ഏരീസ് ഗ്രൂപ്പ്.
സാധാരണ ഒരു സാമൂഹ്യ ക്ഷേമപദ്ധതി എന്നതിലുപരി ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകൾക്കും ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രണ്ട് വെന്റിലേറ്ററുകൾ ഇതിനകം തന്നെ കേരളത്തിൽ എത്തിക്കുകയും അതിൽ ഒരെണ്ണം ആലപ്പുഴ ജില്ലാ കളക്ടർക്ക് ഇന്നലെത്തന്നെ കൈമാറുകയും ചെയ്തു. രണ്ടാമത്തേത് പുനലൂരിന് ഇന്ന് കൈമാറും.

ലോക്ക് ഡൗണിൽ പെട്ട് പോയവർക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാൾ ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് വെന്റിലേറ്ററുകൾ സംഭാവന നൽകുക എന്നതിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും സോഹൻ റോയ് എടുത്തു പറഞ്ഞു ” കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യർഹമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിലും രോഗികളുടെ എണ്ണം അഭൂതപൂർവ്വമായി വര്ധിക്കുന്ന ഒരു സാഹചര്യം സംജാതമായാൽ വെന്റിലെറ്ററുകൾക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്താണ് വെന്റിലേറ്ററുകൾ സംഭാവന നൽകാൻ ഏരീസ് ഗ്രൂപ്പ്‌ തീരുമാനിച്ചത്. മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടർന്നാൽ നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന പ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരമാകും ” ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ക് ഡൗൺ കാലത്ത് ഏറ്റെടുക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോടും സോഹൻ റോയ് ആവശ്യപ്പെട്ടിരുന്നു.