അബ്രാം ഖുറേഷിയും 'നരസിംഹ'യും ഒന്നിക്കുന്നു; എമ്പുരാൻ ഏറ്റവും പുതിയ അപ്ഡേറ്റ്!

സമീപകാലത്ത് തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച ചിത്രമായിരുന്നു നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലർ. രജനികാന്തിനൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആഘോഷിച്ച അതിഥി വേഷങ്ങളായിരുന്നു മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും.

ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗം എമ്പുരാനിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിവരാജ് കുമാർ തന്നെയാണ് മാധ്യമങ്ങളോട് ഈക്കാര്യം വെളിപ്പെടുത്തിയത്.

ഗോസ്റ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ വന്നതായിരുന്നു ശിവരാജ് കുമാർ. ഇതിനിടെയാണ് എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നത്. അത്തരമൊരു ഓഫർ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എമ്പുരാന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമാകും എന്നുമാണ് ശിവരാജ് കുമാർ പറഞ്ഞത്.

Read more

ശിവരാജ് കുമാറിന്റെ പ്രതികരണം വന്നതോടുകൂടി വലിയ ആവേശത്തിലാണ് ആരാധകർ. എമ്പുരാൻ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ ഡൽഹിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം അടുത്തവർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.