ട്രെയ്‌ലറിലെ പാട്ട് സിനിമയില്‍ ഇല്ല, ഷാരൂഖിന്റെ സിനിമ കണ്ട് വഞ്ചിക്കപ്പെട്ടുവെന്ന് പരാതി; നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ട്രെയ്‌ലറുകള്‍ വാഗ്ദാനങ്ങള്‍ അല്ലെന്ന് സുപ്രീം കോടതി. 2016ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ‘ഫാന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ട്രെയ്‌ലറില്‍ കാണിച്ച ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിന്, ചിത്രം കണ്ടയാള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഫാന്‍ സിനിമ കണ്ട സ്‌കൂള്‍ അധ്യാപികയായ അഫ്രീന്‍ ഫാത്തിമ സൈദി നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ യഷ്രാജ് ഫിലിംസിനോട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ട്രെയ്‌ലര്‍ കണ്ടാണ് താന്‍ ചിത്രം കാണാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ചിത്രത്തില്‍ ട്രെയ്‌ലറിലെ പാട്ട് ഉണ്ടായിരുന്നില്ല എന്നായിരുന്നു പരാതി.

ഉപഭോക്താവ് എന്ന നിലയില്‍ താന്‍ ചതിക്കപ്പെട്ടു. ഇതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു സൈദി ആവശ്യപ്പെട്ടത്. ജില്ലാ ഉപഭോക്തൃഫോറം പരാതി തള്ളിയതോടെ സൈദി മഹാരാഷ്ട്രാ സംസ്ഥാന ഫോറത്തെ സമീപിച്ചു. സംസ്ഥാന ഫോറം 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനായിരുന്നു വിധിച്ചു.

ഇതിനെതിരെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് ദേശീയ കമ്മിഷനെ സമിപിച്ചെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്. ട്രെയ്‌ലര്‍ പ്രമോഷനില്‍ ഉള്‍പ്പെടുത്തിയ പാട്ട് സിനിമയില്‍ ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യഷ് രാജ് ഫിലിംസ് വാദിച്ചു.

ഇത് അഭിമുഖങ്ങളിലൂടെയും ജനങ്ങളെ അറിയിച്ചിട്ടുള്ളതാണ് എന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ട്രെയ്‌ലറില്‍ കാണിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല. സിനിമയെ കുറിച്ച് ഒരു ഓളം സൃഷ്ടിക്കാന്‍ മാത്രമാണ് ട്രെയ്ലറുകള്‍ പുറത്ത് വിടുന്നതെന്നും കോടതി വ്യക്തമാക്കി.