ഹിജാബ് വിഷയം; പ്രതിഷേധിച്ച മുസ്‌കാന് സല്‍മാനും ആമിറും കോടികള്‍ പ്രതിഫലം നല്‍കിയെന്ന് പാക് വെബ്‌സൈറ്റുകളില്‍ പ്രചാരണം; മറുപടിയുമായി ആമിറും സല്‍മാനും

 

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ബുര്‍ഖ ധരിച്ച് പരസ്യമായി പ്രതിഷേധിച്ച മുസ്‌കാന്‍ ഖാന്റെ ധീരത കണക്കിലെടുത്ത് ബോളിവുഡ് താരങ്ങള്‍ കോടികള്‍ പ്രതിഫലം നല്‍കിയെന്ന തരത്തില്‍ പ്രചരണം. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഈ വിദ്യാര്‍ത്ഥിനിക്ക് മൂന്ന് കോടി പ്രതിഫലം നല്‍കിയെന്നാണ് പാകിസ്ഥാനിലും അനുബന്ധ വെബ്സൈറ്റുകളിലും വ്യാജ വാര്‍ത്ത പ്രചരിച്ചത്.

സഹീദ് എന്ന് പേരുള്ള പാകിസ്ഥാന്‍ സ്വദേശിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത്തരത്തിലുള്ള ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. നിസാം ഖാന്‍ എന്ന മറ്റൊരു യുവാവും സല്‍മാന്‍ ഖാന്‍ യുവതിക്ക് 5 കോടി രൂപ നല്‍കിയെന്ന് തന്റെ ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

‘ കഹാനി സെന്റര്‍’ എന്ന യൂട്യൂബ് ചാനലും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തി. എന്നാല്‍ ഈ വാര്‍ത്ത പരന്നതിന് പിന്നാലെ ഇത് നിഷേധിച്ച് താരങ്ങള്‍ രംഗത്ത് എത്തി. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് താരങ്ങള്‍ പ്രതികരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആരും അതിനെ പിന്തുണയ്ക്കരുതെന്നും താരങ്ങള്‍ അറിയിച്ചു.