പത്ത് ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ നേടി ട്രെയിലര്‍; ചിരിയുടെ സിക്‌സറടിക്കാന്‍ 'സച്ചിന്‍' വരുന്നു

നിവിന്‍ പോളി നായകനായെത്തിയ 1983 യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രം കൂടി മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന സച്ചിനാണ് മലയാള സിനിമയില്‍ വീണ്ടും ക്രിക്കറ്റിന്റെ ആരവുമായെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മൂന്നു ദിനം പിന്നിടുമ്പോള്‍ ട്രെയിലറിന് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ നിന്നായി 10 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു കോമഡി എന്റര്‍ടെയ്‌നറാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, കൊച്ചു പ്രേമന്‍, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാള സിനിമയിലെ മുന്‍നിര ഹാസ്യ താരങ്ങള്‍ അണി നിരക്കുമ്പോള്‍ ഏറെ ചിരിക്ക് വകയുണ്ടെന്ന് വ്യക്തം.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. എഡിറ്റിംഗ് രാജന്‍ എബ്രഹാം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

https://www.facebook.com/sachinmovie2018/photos/a.1935592740013125/2273220906250305/?type=3&theater