'റിയാസിന് അനുഗ്രഹവുമായി ഇന്നോവയില്‍ വന്ന് ഫിറോസ് ഇക്ക'; മായക്കൊട്ടാരം ഫസ്റ്റ്‌ലുക്കിന് ട്രോളുകളും ഭീഷണികളും

കൗതുകമുണര്‍ത്തിയാണ് റിയാസ് ഖാന്റെ പുതിയ ചിത്രം “മായക്കൊട്ടാര”ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നായക കഥാപാത്രത്തിന്റെ പേരും പോസ്റ്ററിലെ വാചകവുമാണ് പോസ്റ്റര്‍ ഹിറ്റ് ആയതിന് പിന്നില്‍. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത്.

“നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍” ആണ് ചിത്രത്തില്‍ റിയാസിന്റെ കഥാപാത്രം. ഇതോടെ നിരവധി ട്രോളുകളും ഭീഷണികളുമാണ് ഫസ്റ്റ്‌ലുക്കിന് ലഭിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപ്പറമ്പലിനെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പ്രേക്ഷകരുടെ പക്ഷം. “”സുബ്ഹാനലാഹ്, ആശംസകള്‍ റിയാസ്‌ക്ക.. ഉടന്‍ പറവയായ് പറന്ന് ഇന്നോവയില്‍ വന്ന് ഫിറോസ് ഇക്കയുടെ അനുഗ്രഹം റിയാസ് ഇക്കാക്ക് തരും”” എന്നാണ് ഒരു കമന്റ്.

“”പാവപെട്ട വീട്ടിലെ ഒരു നന്മമരം ആണ് നമ്മുടെ നായകന്‍. വളരെ കഠിനാധ്വാനി ആയ നമ്മുടെ നായകന്‍ ദിവസവും ഫേസ്ബുക്കില്‍ 4 ലൈവ് ഇടാറുണ്ട് സൂര്‍ത്തുക്കളെ. അങ്ങനെ ലൈവ് ഇട്ട്, ലൈവ് ഇട്ട്, കിട്ടുന്ന തുച്ചമായ കാശ് കൊണ്ട് ഒരു പടുകൂറ്റന്‍ ബംഗ്ലാവ് പണിയുകയാണ് സൂര്‍ത്തുക്കളെ പണിയുകയാണ്””, “”ഈ സിനിമ വെട്ടുകിളികള്‍ തന്നെ ഹിറ്റാകും തീര്‍ച്ച””, “”നീ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടയില്‍ മസില് കുത്തിക്കേറി ഹാര്‍ട്ടറ്റാക്ക് വന്ന് പത്ത് മാസം ബോധമില്ലാതെ ശരീരം തളര്‍ന്ന് പ്രൈവറ്റ് ഹോസ്പിറ്റലില്‍ ബില്ലടക്കാന്‍ കാശില്ലാതെ കിടക്കുമ്പോള്‍ നിനക്ക് വേണ്ടി ഇക്ക ലൈവില്‍ വരേണ്ട ഗതി ഉണ്ടാവാതിരിക്കട്ടെ…”” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ഇതിന് പിന്നാലെ സിനിമ ബഹിഷ്‌കരിക്കുമെന്ന കമന്റുകളും പോസ്റ്ററിന് താഴെ വന്നിട്ടുണ്ട്. “”നിങ്ങളുടെയൊന്നും ഏഷണി കൊണ്ടോ ഭീഷണി കൊണ്ടോ സീഷണി കൊണ്ടോ ഇല്ലാതാകുന്നതല്ല ഫിറോസ്‌ക്കയുടെ വ്യക്തിത്വം. റിയാസ് ഖാന്‍ ഈ സിനിമയില്‍ നിന്ന് പിന്മാറാന്‍ 69 ദിവസം ഞങ്ങള്‍ നല്‍കുന്നു. പിന്മാറിയില്ല എങ്കില്‍ അദ്ദേഹത്തെ ഞങ്ങള്‍ തെരുവില്‍ സമാധാനപരമായി നേരിടും””,എന്നിങ്ങനെ ഭീഷണികളും കമന്റുകളായി എത്തിയിട്ടുണ്ട്.

“”എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനു വേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യൂട്യൂബില്‍ ഇടും. ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്”” എന്നാണ് ചിത്രത്തെ കുറിച്ച് റിയാസ് ഖാന്‍ പ്രതികരിച്ചത്.