ബന്‍സാലി ചിത്രം വരെ ഉപേക്ഷിച്ചു, മാളവികയ്ക്കും മൃണാളിനും പകരം നായികയാകേണ്ടിയിരുന്നത് രശ്മിക; താരം ഒഴിവാക്കിയ സിനിമകള്‍

‘അനിമല്‍’ സിനിമ എത്തിയതോടെ കരിയറിലെ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം ദിവസങ്ങള്‍ കൊണ്ട് തന്നെ 480 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. രണ്‍ബിറിനൊപ്പം രശ്മികയുടെ കരിയറിലെയും ഏറ്റവും വലിയ ഗ്രോസിങ് ചിത്രമായിരിക്കുകയാണ് അനിമല്‍.

ഇതിനിടയില്‍ മുന്‍നിര നായകന്മാരുടേയും സംവിധായകരുടേയും പല ചിത്രങ്ങളും രശ്മിക വേണ്ടെന്ന് വച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് വിജയ് ചിത്രം ‘മാസ്റ്റര്‍’ ആണ്. വിജയ്‌യുടെ നായികയായി ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് രശ്മികയെയായിരുന്നു. പിന്നീടാണ് മാളവിക മോഹനനിലേക്ക് ആ കഥാപാത്രം എത്തുന്നത്.

ഷാഹിദ് കപൂര്‍ നായകനായ ‘ജേഴ്‌സി’യില്‍ മൃണാല്‍ ഠാക്കൂറിന് മുമ്പ് രശ്മികയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. കന്നഡ ചിത്രമായ ‘കിര്‍ക്ക് പാര്‍ട്ടി’യിലൂടെയാണ് രശ്മികയുടെ സിനിമാ അരങ്ങേറ്റം. കാര്‍ത്തിക് ആര്യനെ നായകനാക്കി ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുമ്പോള്‍ നായികയായി രശ്മികയെ സമീപിച്ചിരുന്നു.

എന്നാല്‍ ഒരേ കഥാപാത്രം വീണ്ടും അവതരിപ്പിക്കുന്നതിലെ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ താരം ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സഞ്ജയ് ലീല ബന്‍സാലി ചിത്രത്തോടും രശ്മികയ്ക്ക് നോ പറയേണ്ടി വന്നിരുന്നു. രണ്‍ദീപ് ഹൂഡയെ ആയിരുന്നു നായകനായി തീരുമാനിച്ചത്. ഈ ചിത്രം പിന്നീട് ഉപേക്ഷിച്ചിരുന്നു.

‘ഗീതാഗോവിന്ദം’, ‘പുഷ്പ: ദ റൈസ്്’, ‘സുല്‍ത്താന്‍’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. രശ്മിക. അതേസമയം, അനിമലില്‍ സോയ എന്ന നായികാ കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. ഈ റോളിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പ്രശംസകളും ലഭിക്കുന്നുണ്ട്.