അന്നേ രക്ഷപ്പെടുന്നത് ബാബു ആന്റണിയുടെ പേര് പറഞ്ഞ്; 28 വര്‍ഷം മുമ്പുള്ള ഡയറി എടുത്ത് രമേഷ് പിഷാരടി

ഒരു കാലത്ത് താന്‍ ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് നടന്‍ രമേഷ് പിഷാരടി. തന്റെ ഡയറി മറ്റാരും എടുത്ത് വായിക്കാതിരിക്കാന്‍ ബാബു ആന്റണിയുടെ ഫോട്ടോ ഡയറിയുടെ കവറില്‍ ഒട്ടിച്ചു വച്ചിരുന്നു. ഈ ഡയറി ആരെങ്കിലും എടുത്ത വായിച്ചാല്‍ ബാബു ആന്റണി വന്ന് ഇടിക്കും എന്ന് ഡയറിയില്‍ എഴുതിയും വച്ചിരുന്നു. ബാബു ആന്റണിയെ കുട്ടിക്കാലത്ത് തന്റെ രക്ഷകനായിട്ടാണ് കരുതിയിരുന്നതെന്നും 28 വര്‍ഷം പഴക്കമുള്ള ആ ഡയറി താന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു.

1995 കാലഘട്ടത്തില്‍ ബാബു ആന്റണി ചേട്ടന്‍ വര്‍ഷത്തില്‍ എട്ട്, ഒന്‍പത് പടങ്ങളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ കൊടും ഫാന്‍ ആണ്. അദ്ദേഹത്തെ പോലെ മുടി വളര്‍ത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല

95 മുതല്‍ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാന്‍ എപ്പോഴും ഡയറി എഴുതും. എന്റെ സഹോദരങ്ങള്‍ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ”ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താല്‍ അറിയാല്ലോ ഞാന്‍ വരും വന്നു നിങ്ങളെ ഇടിക്കും” എന്ന് എഴുതി വച്ചിരുന്നു.

അന്ന് മനസ്സില്‍ എന്റെ രക്ഷകനാണ് ബാബുച്ചേട്ടന്‍. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.”- രമേഷ് പിഷാരടി പറയുന്നു.