'അകത്തും പുറത്തും സ്നേഹത്തോടെ…'; മമ്മൂട്ടിയെ ചിത്രീകരിക്കാന്‍ സൈക്കിളിൽ പായുന്ന ആരാധകൻ്റെ വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

പ്രായം റിവേഴ്സ് ഗിയറിലോടുന്ന മലയാളത്തിൻ്റെ സൂപ്പര്‍ താരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രമേഷ് പിഷാരടി. വിത്യസ്ത രീതിയിൽ ആരാധകന്റെ സ്നേഹം കാണിച്ച് കൊണ്ടുള്ള വീഡിയോയ്ക്കൊപ്പമാണ് രമേശ് പിഷാരടി തന്റെ ആശംസകൾ നേർന്നിരിക്കുന്നത്.

കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പായുന്നതിന്‍റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും പകർത്താനായി കാര്‍ വരുന്നത് ദൂരെ നിന്ന് കണ്ട കുട്ടി ആരാധകൻ തന്റെ മൊബൈല്‍ ക്യാമറ ഓൺ ആക്കി കൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്.

സെെക്കിളുമായി  മുന്നിലേക്ക് പോകുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കിയാണ് ക്യാമറ  പിടിച്ചിരിക്കുന്നത്. കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്നും കുട്ടി ആരാധകന്‍ പറയുന്നുണ്ട്.

വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വാശി കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.’അകത്തും പുറത്തും സ്നേഹത്തോടെ…’ എന്ന അടിക്കുറിപ്പിനോപ്പമാണ് രമേശ് പിഷാരടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ആശംസകൾ നേർന്ന് നിരവധിപേരാണ് എത്തിയിരിക്കുന്നത്