‘സ്വപ്നങ്ങളെ പോരാളിയെ പോലെ പിന്തുടരുന്നവള്‍, നിന്നെ കുറിച്ച് അഭിമാനം’; രശ്മികയുടെ ഓഡിഷന്‍ വീഡിയോ പങ്കുവെച്ച് രക്ഷിത് ഷെട്ടി

Advertisement

നടി രശ്മിക മന്ദാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. ഇരുവരും ഒന്നിച്ച് അഭിനയിച്ച കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡിഷന്‍ വീഡിയോ പങ്കുവെച്ചാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ”ഇന്ന് മുതല്‍ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു” എന്നാണ് രക്ഷിത് കുറിച്ചത്.

ആശംസകള്‍ക്ക് നന്ദിയുമായി രശ്മികയും രംഗത്തെത്തി. രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. കിരിക് പാര്‍ട്ടി പുറത്തിറങ്ങിയ ശേഷം രശ്മികയുമായി രക്ഷിതിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. രശ്മികയ്ക്ക് വിജയ് ദേവരകൊണ്ടയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ വേര്‍പിരിഞ്ഞത് എന്ന പ്രചാരണവും നടന്നിരുന്നു.

അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് രശ്മിക ഇപ്പോള്‍. ഗുഡ്‌ബൈയുടെ സെറ്റില്‍ ആയിരുന്നു താരം തന്റെ 25ാം പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്ര സംതൃപ്തി തന്ന ദിവസം എന്നാണ് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്‌ബൈ.

മിഷന്‍ മഞ്ജു ആണ് ബോളിവുഡ് അരങ്ങേറ്റ ചിത്രം. സിനിമ റിലീസിന് ഒരുങ്ങുകയാണ്. കിരിക് പാര്‍ട്ടി ആയിരുന്നു രശ്മികയുടെ ആദ്യ സിനിമ. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് രശ്മിക വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയത്. കാര്‍ത്തി ചിത്രം സുല്‍ത്താന്‍ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് സുല്‍ത്താന്‍.