ഇങ്ങനെ പിന്തുടരരുതേ കണ്ണാ..; ആരാധകന് രജനികാന്തിന്റെ സ്‌നേഹോപദേശം

നടന്‍ രജനി കാന്തിന്റെ വാഹനത്തിന് പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രജനിയുടെ മുന്നിലെത്തും വരെ ബൈക്കിലെത്തിയ ആരാധകന്‍ അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു.

രജനിയുടെ കാര്‍ വീടിനകത്ത് പ്രവേശിച്ചതും ആരാധകന്‍ തിരികെ പോകാന്‍ ഒരുങ്ങി. അപ്പോള്‍ രജനി സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് അയാളെ വീട്ടിലേക്ക് വിളിച്ചു. യുവാവിനെ ചേര്‍ത്ത് നിര്‍ത്തി രജനി പറഞ്ഞു. “ബൈക്കില്‍ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല..” യുവാവ് അപ്പോള്‍ തന്നെ മാപ്പു ചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തു. രജനിക്കൊപ്പം ചിത്രവുമെടുത്തശേഷമാണ് ആരാധകന്‍ മടങ്ങിയത്.

എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം കൈലാസയാത്രയിലായിരുന്നു രജനി.

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സര്‍ക്കാര്‍ വന്‍ വിജയം നേടിയിരുന്നു.