ആദ്യം വാക്ക് മാറ്റിയത് തിയേറ്റർ ഉടമകള്‍, പണം തിരിച്ചു നല്‍കാന്‍ ആന്റണി പെരുമ്പാവൂര്‍ തയ്യാറാണ്: നിര്‍മ്മാതാക്കളുടെ സംഘടന

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ കാരണം തിയേറ്റർ ഉടമകള്‍ വാക്ക് മാറ്റിയതു കൊണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. ഒടിടിയില്‍ സിനിമ റിലീസ് ചെയ്താല്‍ വാങ്ങിച്ച പണം തിരികെ കൊടുക്കാന്‍ ആന്റണി തയ്യാറാണെന്നും പണം വെച്ച് വില പേശുന്നത് ശരിയല്ലെന്നും സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആദ്യം വാക്ക് മാറ്റിയത് തിയേറ്ററുകാരാണ്. 200 തിയേറ്റര്‍ കൊടുക്കാമെന്നു പറഞ്ഞിട്ട് ഒടുവില്‍ 86 എണ്ണം മാത്രമാണ് കരാറാക്കിയത്. അത് ആന്റണി പെരുമ്പാവൂരിന്റെ കുറ്റമല്ല. മറ്റുള്ള സിനിമകള്‍ ഒ.ടി.ടിയില്‍ പോകുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ലേ? ഈ സിനിമ ഒ.ടി.ടി പോയാല്‍ അതു വിവാദമാക്കേണ്ട കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല.

അദ്ദേഹത്തിന്റെ സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞ് റിലീസ് ചെയ്താല്‍ മതിയെന്നാണോ എല്ലാവരുടെയും ആഗ്രഹം. തിയേറ്റര്‍ റിലീസിനു വേണ്ടി കാത്തിരുന്നയാളാണ് അദ്ദേഹം. ഒ.ടി.ടിയില്‍ സിനിമ റിലീസ് ചെയ്താല്‍ വാങ്ങിച്ച പണം തിരികെ കൊടുക്കാന്‍ ആന്റണി തയ്യാറാണ്. പണം വച്ച് വില പേശുന്നത് ശരിയല്ല.

ആന്റണിയുടെ 38 സിനിമകളില്‍ നിന്നുള്ള ലാഭം തിയേറ്ററുകാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ആമസോണ്‍ പ്രൈമുമായി മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങിയെന്നും അന്തിമ തീരുമാനമായിട്ടില്ല എന്നുമാണ് ആന്റണി പെരുമ്പാവൂര്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം പ്രതികരിച്ചത്.