മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ 'ചതുര്‍മുഖം' ഒ.ടി.ടി. റിലീസിന്; തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുകയാണെന്ന് നിര്‍മ്മാതാവ്

കോവിഡ് ലോക്ഡൗണിനിടെ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഒ.ടി.ടി. റിലീസിനൊരുങ്ങുകയാണ്. ഇത് തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കത്തിനും ഇടയാക്കിയിരിക്കുകയാണ്. ഇതിനിടെ മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറര്‍ ചിത്രം “ചതുര്‍മുഖം” തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ജിസ് ടോംസ്.

“”ഏകദേശം അഞ്ചരക്കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തിന് ഗ്രാഫിക്സ് ജോലികള്‍ക്ക് മാത്രം 50 ലക്ഷം ചിലവായിട്ടുണ്ട്. ആമേന്‍, 9. ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകള്‍ളുടെ ഛായഗ്രാഹണം നിര്‍വഹിച്ച അഭിനന്ദന്‍ രാമാനുജനാണ് ചതുര്‍മുഖത്തിന്റെ ക്യാമറയുടെ പിന്നില്‍. പുതുമുഖങ്ങളായ രഞ്ജിത് കമല ശങ്കറും, സലിലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പിന്നണിയില്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരാണ് ഒന്നിച്ചത്. ഇത്രയും മികച്ച ജോലി ചെയ്തിട്ട് തീയേറ്ററില്‍ ഇറങ്ങാതെ ഓണ്‍ലൈനില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ല.””

“”തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. മറ്റ് മാര്‍ഗമില്ലെങ്കില്‍ മാത്രമേ ചതുര്‍മുഖ ഒ.ടി.ടി റിലീസിനായി ശ്രമിക്കൂ. തിയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കാനാണ് കാത്തിരിക്കുന്നത്. ഏപ്രില്‍ 20-ന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. ഇനി തീയേറ്ററുകള്‍ തുറന്നിട്ട് വേണം പുതിയ റിലീസ് തിയതി നിശ്ചയിക്കാന്‍”” എന്ന് ജിസ് ടോംസ് മനോരമയോട് പറഞ്ഞു.