ഇത് എനിക്ക് എപ്പോഴും താങ്ങായി നിന്നിട്ടുള്ള എന്റെ സ്വന്തം ലാലുവിന് കൊടുക്കുന്ന സമ്മാനം; മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത്

കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടന്ന ആശീര്‍വാദത്തോടെ മോഹന്‍ലാല്‍ എന്ന പരിപാടിയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒരു സ്നീക് പീക്ക് വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് എല്ലാവരും. പകുതി പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പോലും കഴിയുന്നതിനു മുന്‍പാണ് അതിലെ ചില ദൃശ്യങ്ങള്‍ കാണിച്ചത്. ്. ചിത്രത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത് എന്നും എപ്പോഴും തനിക്കു താങ്ങായി നിന്നിട്ടുള്ള തന്റെ സ്വന്തം ലാലുവിന് താന്‍ കൊടുക്കുന്ന സമ്മാനമാണ് മരക്കാര്‍ എന്നാണ്.

ഇതൊരു റിയലിസ്റ്റിക് ചിത്രമോ ചരിത്ര സിനിമയോ അല്ല എന്നും പ്രിയന്‍ പറയുന്നു. കേരളത്തിലെ അതിബുദ്ധിമാന്മാര്‍ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ എടുത്തിട്ടുള്ളത് എന്നും സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും അവര്‍ക്കു കയ്യടിക്കാനുമാണ് താന്‍ സിനിമകള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നും പ്രിയന്‍ പറഞ്ഞു. മരക്കാര്‍ എന്ന ചിത്രവും അതുപോലെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നതായിരിക്കും എന്ന് അദ്ദേഹം പറയുന്നു. ഇതുപോലെയുള്ള വമ്പന്‍ ചിത്രങ്ങള്‍ വന്നാലേ നമ്മുടെ ഇന്‍ഡസ്ട്രി മുന്നോട്ടു വളരുകയുള്ളു എന്നും മരക്കാര്‍ അതിനു ഒരു കാരണം ആയി തീരും എന്നുള്ള വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു ചിത്രമാവില്ല എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തു ഭാഷകളില്‍ ഈ ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അത് സാധിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മരക്കാര്‍ മാറും.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് നാല് സംഗീത സംവിധായകരാണ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നൂറു കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കില്‍ ആണ് മരക്കാര്‍ ഒരുക്കുന്നത്