ഷാജോണിന്റെ 'ബ്രദേഴ്‌സ് ഡേ' പൂര്‍ത്തിയായി; പ്യഥ്വിരാജ് ചിത്രം ഓണത്തിന് എത്തും

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം നടന്‍ പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പൃഥ്വി നായകനാകുന്ന ചിത്രം ഒരു കോമഡി ആക്ഷന്‍ എന്റെടെയ്‌നറായിരുക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

ഐശ്വര്യലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, മിയ, ഐമ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി, വിജയ രാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴ് നടന്‍ പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജോണ്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

“ബ്രദേഴ്‌സ് ഡേ”യ്ക്ക് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിലാണ് പൃഥ്വി ആഭിനയിക്കുന്നത്. “ഹണി ബീ 2″ന് ശേഷം ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. “9” എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് “ഡ്രൈവിംഗ് ലൈസന്‍സ്”.