'അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക'; കന്നഡ ചിത്രം 'കാന്താര' മലയാളത്തില്‍ എത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

കന്നഡ ചിത്രം ‘കാന്താര’ കേരളത്തില്‍ വിതരണത്തിന് എത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താരാ എന്ന ചിത്രമാണ് പൃഥ്വി കേരളത്തില്‍ എത്തിക്കുന്നത്.

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ചിത്രം കണ്ട ശേഷം താരം കാന്താരയെ വാനോളം പുകഴ്ത്തിയിരുന്നു. ചിത്രം അഭിമാനകരമായ നേട്ടമാണെന്നാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ജീനിയസ് എന്നാണ് പൃഥ്വിരാജ് റിഷഭിനെ വിശേഷിപ്പിച്ചത്.

സിനിമയുടെ അവസാന 20 മിനിറ്റ് രംഗങ്ങളെയും പൃഥ്വിരാജ് അഭിനന്ദിച്ചു. ”സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താര. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാലെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിക്കുന്നത്?”

”വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക” എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ 30ന് ആണ് കന്നഡ പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്.