രാധേ ശ്യാമിന്റെ പരാജയം; നിര്‍മ്മാതാവിന് കൈത്താങ്ങുമായി പ്രഭാസ്, തിരികെ നല്‍കിയത് 50 കോടി

ബാഹുബലിക്ക് ശേഷം നടന്‍ പ്രഭാസിന്റെ ചിത്രങ്ങള്‍ വലിയ ഹിറ്റിലേക്ക് എത്തിയിരുന്നില്ല. സാഹോയ്ക്കും രാധേ ശ്യാമിനും ബോക്‌സ് ഓഫീസില്‍ ഇതേ ഗതി തന്നെയാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ രാധേ ശ്യാമിന്റെ നഷ്ടം തീര്‍ക്കാന്‍ പ്രഭാസിന്റെ പ്രതിഫലത്തില്‍ നിന്ന് 50 കോടിയാണ് നടന്‍ തിരികെ നല്‍കിയതെന്നാണ് വിവരം.

ഈ സിനിമയിലെ വിക്രം ആദിത്യ എന്ന കഥാപാത്രത്തിനായി പ്രഭാസിന് 100 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് പ്രതീക്ഷിച്ച് ചിത്രം നേരിട്ടത് വലിയ പരാജയമാണ്. ഇതോടെയാണ് നിര്‍മ്മാതാക്കളെ സഹായിക്കാന്‍ തന്റെ പ്രതിഫലത്തിന്റെ പകുതി താരം തിരികെ നല്‍കിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാധേ ശ്യാമിന്റെ നിര്‍മ്മാതാക്കള്‍ക്ക് 100 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നിര്‍മ്മാതാക്കളോ വിതരണക്കാരോ പണം തിരികെ നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം തീരുമാനമാണിതെന്നും പ്രഭാസ് പറഞ്ഞു.

രാധാകൃഷ്ണ കുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് യു വി ക്രിയേഷന്‍സും ടി-സീരീസും ചേര്‍ന്നാണ്. പൂജ ഹെഗ്‌ഡെ ആണ് നായികയായെത്തിയത്. 2022 മാര്‍ച്ച് 11-ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. സലാര്‍ ആണ് പ്രഭാസിന്റെ വാരാനിരിക്കുന്ന ചിത്രം.