മമ്മൂട്ടിയും, മോഹന്‍ലാലും, വിജയ് സേതുപതിയും ഉള്‍പ്പെടെ 35 താരങ്ങള്‍; മാസ് ട്രെയിലര്‍ ലോഞ്ചുമായി 'പൊറിഞ്ചു മറിയം ജോസ്'

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രത്തിനായി കൈകോര്‍ത്ത് മലയാള സിനിമാ ലോകം. പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ ലോഞ്ചിനായാണ് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ കൈകോര്‍ക്കുന്നത്. കൊച്ചി ലുലുമാളില്‍ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്യുക.

മമ്മൂട്ടി, വിജയ് സേതുപതി, ഫഹദ്, ജയറാം, ദിലീഷ് പോത്തന്‍, വിനായകന്‍, മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസന്‍, ഇന്ദ്രജിത്ത്, ദിലീപ്, ബിജു മേനോന്‍, ജയസൂര്യ, ഷെയ്ന്‍ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, അജു വര്‍ഗീസ്, അനു സിത്താര, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ആന്റണി വര്‍ഗീസ്, ഹണി റോസ്, അനൂപ് മേനോന്‍, പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ആത്മീയ, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ ഫെയ്സ്ബുക്ക് പേജുകളിലും ട്രെയിലര്‍ ഒരേസമയം എത്തും.

2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്. ചിത്രത്തില്‍ പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക.