ജെമിനി ഗണേശനാവാന്‍ യോഗ്യന്‍ ദുല്‍ഖര്‍ തന്നെ, മഹാനടിയിലെ പുതിയ ചിത്രം വൈറലാകുന്നു

Advertisement

മലയാളത്തിന്റെ യുവതാരം ദുല്‍ഖറിന്റെ ‘മഹാനടി’യിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജെമിനി ഗണേശന്റെ വേഷത്തില്‍ ക്യാമറയ്ക്കു പിന്തിരിഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ചിത്രം നടനും കാതല്‍മന്നനും തമ്മിലുള്ള രൂപസാദൃശ്യം വ്യക്തമാക്കുന്നതാണ്. എന്നാല്‍ താന്‍ ജെമിനി ഗണേശനോടുള്ള പൂര്‍ണ്ണ സാദൃശ്യത്തിലായിരിക്കില്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട് .

ഞാന്‍ അദ്ദേഹത്തെ പോലെയല്ല സിനിമയില്‍ ഇരിയ്ക്കുന്നത്. അങ്ങനെയാവാന്‍ എനിയ്ക്ക് സാധിക്കുകയുമില്ലെന്നതാണ് വാസ്തവം, ചിത്രത്തില്‍ പ്രോസ്‌തെറ്റിക് മേയ്ക്കപ്പിടാന്‍ താല്‍പര്യമില്ല. എന്നാല്‍ ഈ വിഷയത്തിലുള്ള എന്‌റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. 1950കളിലെ അന്നത്തെ സൂപ്പര്‍സ്റ്റാറാണ് ഞാനെന്ന് സങ്കല്‍പ്പിക്കുക. അതിലൂടെ എനിയ്ക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കും. ദുല്‍ഖര്‍ പറയുന്നു. അതേസമയം മഹാനടിയിലെ ദുല്‍ഖറിന്‌റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നടി സാവിത്രിയുടെ വേഷത്തിലെത്തുന്നത്, വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനാണ്. തെലുഗു തമിഴ് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രത്തിന്‌റെ മലയാളം ഡബ്ബും തയ്യാറാക്കുന്നുണ്ട്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.