വെറുപ്പിനെ പുറത്താക്കാന്‍ വോട്ട് ചെയ്യൂ; തിരഞ്ഞടുപ്പ് ചൂടില്‍ ചിന്തിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, ബി.ജെ.പിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പാ രഞ്ജിത്

2019 ലോക് സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ജനങ്ങള്‍ക്കു മുമ്പില്‍ ചിന്തിപ്പിക്കുന്ന രണ്ട് ഹ്രസ്വചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ പാ രഞ്ജിത്. സ്വന്തം ഉടമസ്ഥയിലുള്ള നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച രണ്ട് ഹ്രസ്വചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാകുന്നത്. വോട്ട് ഔട്ട് ഹേറ്റ് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

രാജേഷ് രാജാമണി എഴുതി സംവിധാനം ചെയ്യുന്ന ലവേഴ്സ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍ ആണ് ആദ്യ ചിത്രം. രാധിക പ്രസീദ, റജിന്‍ റോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. രണ്ടു ദമ്പതികള്‍ തമ്മിലെ തര്‍ക്കത്തിനു ശേഷം പുരുഷന്‍ വീട്ടില്‍ നിന്നിറങ്ങി പോകുന്നതും ബീഫ് വാങ്ങി തിരിച്ചു വരുന്നതും കാണാം. ബീഫ് എന്നത് നിത്യജീവിതവുമായി വളരെയധികം ബന്ധമുള്ള ഭക്ഷണസാധനമാണെന്നു തുറന്നു കാട്ടുന്ന ചിത്രം ഈയടുത്ത കാലത്തു നടന്ന രാഷ്ട്രീയ സംഭവങ്ങളെ ശക്തമായി തുറന്നു കാട്ടുന്നു. ഛായാഗ്രഹണം ദിനേശ് കെ ബാബു.

സമൂഹത്തിലെ വര്‍ഗ-വര്‍ണ വിവേചനത്തിനെതിരെ വെളിച്ചം വീശുന്ന ഷെയര്‍ ഓട്ടോ എന്ന കുഞ്ഞു ചിത്രവും ശ്രദ്ധിക്കപ്പെടുന്നു. ജെനി ഡോളിയുടേതാണ് ആശയവും സംവിധാനവും. ഷെയര്‍ ഓട്ടോയില്‍ ആളുകളെ കുത്തി നിറച്ചു കൊണ്ടുള്ള യാത്ര തമിഴ്നാട്ടിലെ പതിവ് കാഴ്ച്ചയാണ്. ആ യാത്രയ്ക്കിടയിലെ ഒരു ചെറിയ സംഭവമാണ് ചിത്രം പറയുന്നത്. ഷീബ രാംപാല്‍, ജയ സ്വാമിനാഥന്‍, സെന്തില്‍, കല്‍പന അംബേദ്കര്‍, കൗശി, സായ്, ധാമോ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ദീപക് ഭഗവന്ത് ആണ് ഛായാഗ്രഹണം. തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കരാര്‍ ഒപ്പിട്ട തമിഴ്നാട്ടിലെ സംവിധായകരുടെ കൂട്ടത്തില്‍ പാ രഞ്ജിത്തുമുണ്ട്.