പൊലീസ് വേഷത്തില്‍ വിനായകന്‍; ചര്‍ച്ചയായി 'ഒരുത്തീ' പോസ്റ്റര്‍

നവ്യ നായര്‍, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ദ ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്ററില്‍ പൊലീസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒരുത്തീ.

ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഒരുത്തീ പറയുക. രാധാമണി എന്ന കഥാപാത്രമായാണ് നവ്യ വേഷമിടുന്നത്. ഇവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്.

ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും പരോക്ഷമായി അവതരിപ്പിക്കും. എസ് സുരേഷ് ബാബു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപിസുന്ദറും തകര ബാന്‍ഡും സംഗീതം നിര്‍വഹിക്കും. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിക്കുന്നു. അതേസമയം, വിനായകന്‍ പങ്കുവച്ച പോസ്റ്ററിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. സമകാലിക വിഷയങ്ങളോട് പ്രതികരിക്കാറുള്ള താരമാണ് വിനായകന്‍.

സ്‌ക്രീന്‍ ഷോട്ടുകളാണ് താരം തന്റെ പ്രതികരണമായി പങ്കുവെയ്ക്കാറുള്ളത്. പോസ്റ്റുകളിലെ അവ്യക്തത ചര്‍ച്ചയാവാറുമുണ്ട്. ”ആദ്യമായി ആളുകള്‍ക്ക് മനസ്സിലാവുന്ന ഒരു പോസ്റ്റിട്ടതിന് താങ്കളെ പ്രത്യേകം മണവാളന്‍ & മണവാളന്‍ സണ്‍സിന്റെ പേരില്‍ അഭിനന്ദിക്കുന്നു….” എന്നാണ് ചിലര്‍ കമന്റായി കുറിച്ചിരിക്കുന്നത്.