അതിജീവനത്തിന്റെ 'ഒരുത്തീ' മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പുറത്ത്

നവ്യ നായര്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് എത്തുന്ന ചിത്രമാണ് ഒരുത്തീ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തും. സാധാരണക്കാരിയായ വീട്ടമ്മ രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രാധാമണിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നു ചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയാണ് നടന്‍ വിനായകന്‍ വേഷമിടുന്നത്.

ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. വൈപ്പിന് ആണ് പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചു പോകുന്നുണ്ട്.

കെ.പി.എ.സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ ഒട്ടേറെ ജൂനിയര്‍ താരങ്ങളുമാണ് അഭിനേതാക്കള്‍.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം – ജിംഷി ഖാലിദ്, കഥ,തിരക്കഥ, സംഭാഷണം – എസ്.സുരേഷ്ബാബു, ഗാനരചന – ആലങ്കോട് ലീലാകൃഷ്ണന്‍, ബി.കെ ഹരിനാരായണന്‍, സംഗീതം – ഗോപി സുന്ദര്‍- തകര ബാന്റ്.

എഡിറ്റര്‍ – ലിജോ പോള്‍, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് – കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, പി.ആര്‍.ഒ – പി.ആര്‍ സുമേരന്‍.