പുരുഷന്മാര്‍ക്ക് ടിക്കറ്റ് ഫ്രീ; ഓഫറുമായി 'ഒരുത്തീ' അണിയറപ്രവര്‍ത്തകര്‍

നവ്യ നായര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ഒരുത്തീ’ സിനിമയുടെ റീലീസിന്റെ ഭാഗമായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. സ്ത്രീകളോടൊപ്പം സിനിമ വരുന്ന പുരുഷന്മാര്‍ക്ക് ടിക്കെറ്റ് സൗജന്യമാണ്. പുരുഷന്മാര്‍ക്ക് മാത്രമായി അവതരിപ്പിക്കുന്ന കിടിലന്‍ ഓഫര്‍ എന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

മാര്‍ച്ച് 18നാണ് ‘ഒരുത്തീ’യുടെ റീലീസ്. സിനിമ റിലീസ് ആയി ആദ്യത്തെ മൂന്ന് ദിവസം, അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ക്കൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.

ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു വേദി ഒരുക്കിയിരുന്നു. . ഇത് കൂടാതെ സംഘമായി വരുന്ന കുടുബശ്രീ പ്രവര്‍ത്തകര്‍ക്കും ടിക്കറ്റില്‍ പ്രത്യേക ആനുകൂല്യവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ നായര്‍ അഭിനയിക്കുന്നത്. വിനായനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. എസ് സുരേഷ് ബാബുവാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്.

പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ; പുതിയ ഓഫറുമായി ഒരുത്തീ അണിയറപ്രവത്തകർ