ഒരു സാധാരണ സ്ത്രീയുടെ അസാധാരണ പോരാട്ടം; 'ഒരുത്തീ' തിയേറ്ററുകളില്‍

നവ്യ നായര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘ഒരുത്തീ’ ഇന്ന് തീയേറ്ററുകളില്‍ . ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നീണ്ട ഒരിടവേളയ്ക്ക് ശേഷം നവ്യ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഇത്.

വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എസ് സുരേഷ് ബാബുവാണ് കഥയും തിരക്കഥയയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്.