ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍; ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

യുവനടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഇഷ്‌കി’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ‘കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്ന കഥാപാത്രവും മികച്ച പ്രതികരണങ്ങളാണ് ഷെയ്‌ന് നേടി കൊടുത്തത്.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത് . മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്‌കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Unveiling the Official first look poster of "Ishq" All the best to Anuraj Manohar, Shane Nigam, E4 Entertainment & the entire team 😊

Posted by Mammootty on Thursday, 14 March 2019