'മഞ്ഞുമ്മല്‍ ബോയ്‌സി'നായി കോംപ്രമൈസ്, പ്രതിഷേധം 23 മുതല്‍! മലയാള സിനിമകളുടെ റിലീസ് അനുവദിക്കില്ല; നിലപാടെടുത്ത് ഫിയോക്

ഫെബ്രുവരി 22 മുതല്‍ മലയാള സിനിമയുടെ റിലീസ് അനുവദിക്കില്ലെന്ന തീരുമാനം മാറ്റി ഫിയോക്. ഫെബ്രുവരി 23 മുതലാണ് ഫിയോക് പ്രതിഷേധം ആരംഭിക്കാന്‍ പോകുന്നത്. 23ന് റിലീസിന് ഒരുങ്ങിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് ഇന്ന് നടന്ന യോഗത്തില്‍ ഫിയോക് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഫെബ്രുവരി 22 മുതല്‍ റിലീസ് അനുവദിക്കില്ല എന്നായിരുന്നു ഫിയോക് തീരുമാനമെടുത്തത്. എന്നാല്‍ ആ ദിവസം റിലീസ് ചെയ്യാനിരുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചിരുന്നു. പിന്നാലെ ഫിയോക് യോഗം ചേരുകയായിരുന്നു.

പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം. 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ ഇറക്കുന്നു തുടങ്ങിയവയാണ് തിയേറ്റര്‍ ഉടമകളുടെ പരാതി.

നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഫിയോക് വ്യക്തമാക്കി. എന്നാല്‍ നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.

ഫെബ്രുവരി 23ന് ഡോണ്‍ പാലാത്തറയുടെ ‘ഫാമിലി’ എന്ന ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഈ സിനിമയുടെ റിലീസ് മാറ്റിവയ്ക്കില്ലെന്ന് ഡോണ്‍ പാലാത്തറ വ്യക്തമാക്കിയിരുന്നു. ‘വണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന നാദിര്‍ഷ ചിത്രം ഫിയോക്കിന്റെ സമരത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.