ടോറന്‍റോയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തുക്കളെ കണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നിവിന്‍; വീഡിയോ വൈറല്‍

ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തുക്കളെ കണ്ടു ഓടിച്ചെന്നു ആലിംഗനം ചെയ്യുന്ന നടന്‍ നിവിന്‍ പോളിയുടെ വീഡിയോ വൈറലാവുന്നു. മൂത്തോന്‍ സിനിമയുടെ പ്രീമിയറിനായി ടൊറന്റോയില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നിവിന്‍ സുഹൃത്തുക്കളെ കണ്ടുമുട്ടിയത്. ഇന്‍ഫോസിസില്‍ തന്റെ കൂടെ ജോലി ചെയ്ത സഹപ്രവര്‍ത്തകരെ ഒരുപാട് നാളുകൂടി കണ്ടതിന്റെ സന്തോഷമായിരുന്നു നിവിന്.

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “മൂത്തോന്റെ” വേള്‍ഡ് പ്രീമിയര്‍ ബുധനാഴ്ച ആയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രമാണിതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടൊറന്റോയില്‍ സ്‌പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

Image may contain: 6 people, people smiling, outdoor

മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.