ബോക്സ് ഓഫീസിൽ കിതച്ച തഗ് ലൈഫിനെ ഒഴിയാതെ കഷ്ടകാലം; ഒടിടി റൈറ്റ്സ് തുക വെട്ടി കുറച്ചു നെറ്റ്ഫ്ലിക്സ്

ഏറെ പ്രതീക്ഷകളുമായാണ് കമൽ ഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ‘തഗ് ലൈഫ്’ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിച്ച അത്ര പ്രതികരണം ലഭിച്ചില്ല. ബോക്സ് ഓഫീസിലും സിനിമ വലിയ രീതിയിൽ ഉയർന്നില്ല. ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ് ചിത്രം.

കരാർ പ്രകാരം റിലീസിന് എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു സിനിമയുടെ ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് നാലാമത്തെ ആഴ്ച മുതൽ സിനിമ സ്ട്രീം ചെയ്യും എന്നാണ് റിപോർട്ടുകൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക. പറഞ്ഞ സമയത്തിനും മുൻപേയുള്ള റിലീസിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് തുക വെട്ടികുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. എന്നാൽ ഇപ്പോൾ അത് 110 കോടിയായി കുറച്ചെന്നാണ് റിപ്പോർട്ട്.

അതേസമയം, നോർത്തിൽ നാഷണൽ മൾട്ടിപ്ലെക്സ് ചെയിനുകൾ തഗ് ലൈഫ് നിർമാതാക്കൾക്ക് ഫൈനും ഏർപ്പെടുത്തിയിരിക്കുകയാണ്. നോർത്തിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്റർ റിലീസും ഒടിടി സ്ട്രീമിങ്ങിനുമിടയിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. എന്നാൽ നാല് ആഴ്ചകൾക്ക് ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ നേരത്തെ മൾട്ടിപ്ലെക്സുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ 25 ലക്ഷത്തിന്റെ ഫൈൻ ആണ് തഗ് ലൈഫിന് ലഭിച്ചിരിക്കുന്നത്.

Read more